നീണ്ട കടപ്രാര്‍ത്ഥന (#9883)

*(ഇരുപത്തിനാലു മണിക്കൂറിലൊരിക്കല്‍ ചൊല്ലേണ്ടത്)
*ആരാണോ ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ ആഗ്രഹിക്കുന്നത് അവന്‍ എഴുന്നേറ്റു നിന്ന് ദൈവത്തിലേക്കു തിരിയട്ടെ. തന്‍റെ സ്ഥാനത്തു നില്‍ക്കുമ്പോള്‍ അവന്‍ ഇടത്തോട്ടും വലത്തോട്ടും ദൃഷ്ടി ഉറപ്പിച്ചു നോക്കട്ടെ; അതിദയാമയനും കരുണാര്‍ദ്രനുമായ തന്‍റെ പ്രഭുവിന്‍റെ ദയയെ പ്രതീക്ഷിക്കുന്നതുപോലെ. എന്നിട്ടു പറയട്ടെ. 
അല്ലയോ സകല നാമങ്ങള്‍ക്കും നാഥനേ! സ്വര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചവനേ, അത്യുന്നതനും സ്വര്‍ഗ്ഗപ്രകീര്‍ത്തിതനുമായ അവിടുത്തെ അദൃശ്യസത്തയുടെ പകലുറവകളാല്‍ ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു. എന്‍റെ പ്രാര്‍ത്ഥനയെ, അങ്ങയുടെ സൗന്ദര്യത്തില്‍ നിന്ന് എന്നെ അകറ്റി നിര്‍ത്തിയിരിക്കുന്ന മറകളെ കത്തിച്ചു കളയുന്ന ഒരു ജ്വാല ആക്കേണമേ, അങ്ങയുടെ സാന്നിദ്ധ്യ സമുദ്രത്തിലേക്ക് എന്നെ നയിക്കുന്ന ഒരു പ്രകാശമാക്കേണമേ.
*അവന്‍ തന്‍റെ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു ദൈവത്തോട് അര്‍ത്ഥിക്കട്ടെ, അനുഗ്രഹീതനും വാഴ്ത്തപ്പെട്ടവനുമാകട്ടെ അവന്‍. എന്നിട്ടു പറയട്ടെ:
അല്ലയോ ലോകത്തിന്‍റെ അഭിലാഷമേ! രാഷ്ട്രങ്ങള്‍ക്കു പ്രിയങ്കരനേ! ഞാന്‍ അങ്ങയിലേക്കു തിരിയുന്നതും അങ്ങൊഴികെയുള്ള സകല ബന്ധങ്ങളും വിച്ഛേദിക്കുന്നതും ആരുടെ ചലനത്താലാണോ മുഴുവന്‍ സൃഷ്ടിജാലവും ഉത്തേജിപ്പിക്കപ്പെട്ടത്, അവിടുത്തെ ചരടില്‍ പറ്റിപ്പിടിക്കുന്നതും അങ്ങുകാണുന്നുണ്ട്. ദൈവമേ! ഞാന്‍ അവിടുത്തെ സേവകനാണ്. സേവകന്‍റെ പുത്രനാണ്. അവിടുത്തെ ഇച്ഛയേയും അവിടുത്തെ അഭിലാഷത്തേയും നിര്‍വ്വഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന, അവിടുത്തെ സല്‍പ്രീതിയൊഴികെ മറ്റൊന്നും ആഗ്രഹിക്കാത്ത ഇവനെ നോക്കിയാലും. അവിടുത്തെ ദയാസാഗരത്താലും അവിടുത്തെ കാരുണ്യത്തിന്‍റെ പകല്‍ നക്ഷത്രത്താലും ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു. അവിടുന്ന് ഇച്ഛിക്കുന്നതും സന്തോഷിക്കുന്നതും അവിടുത്തെ സേവകന് നല്‍കേണമേ. സകല സ്മരണകള്‍ക്കും സ്തുതിയ്ക്കും അതീതനായ അങ്ങയുടെ ശക്തിയാണെ! അങ്ങയാല്‍ വെളിപ്പെടുത്തപ്പെട്ടതെന്തും എന്‍റെ ഹൃദയം ആഗ്രഹിച്ചതും ആത്മാവിന് പ്രിയങ്കരവുമാണ്. ദൈവമേ! എന്‍റെ ദൈവമേ! എന്‍റെ പ്രതീക്ഷകളുടേയും ചെയ്തികളുടേയും മേല്‍ നോക്കരുതേ; മറിച്ച്, ഭൂസ്വര്‍ഗ്ഗങ്ങളെ വലയംചെയ്യുന്ന അങ്ങയുടെ ഇച്ഛയുടെ മേല്‍ നോക്കിയാലും. അങ്ങയുടെ മഹിതമ നാമത്താണെ; അല്ലയോ എല്ലാ സമൂഹങ്ങളുടേയും പ്രഭുവായവനേ! അങ്ങ് അഭിലഷിച്ചതെന്തോ അതുമാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. അങ്ങു സ്നേഹിക്കുന്നതെന്തോ അതുമാത്രമേ ഞാന്‍ സ്നേഹിക്കുന്നുള്ളൂ.
*മുട്ടുകുത്തി നെറ്റി തറയില്‍മുട്ടിച്ച് അവന്‍ ഇങ്ങനെ പറയട്ടെ:
അങ്ങൊഴികെയുള്ള ആരുടേയും വിവരണത്തിനും അങ്ങൊഴികെയുള്ള ആരുടേയും ഗ്രഹണത്തിനും അതീതനാണ് അവിടുന്ന്.
*പിന്നീട് അവന്‍ എഴുന്നേറ്റ് നിന്ന് പറയട്ടെ:
അല്ലയോ എന്‍റെ പ്രഭുവേ, അവിടുത്തെ പരമാധികാരം നീണ്ടു നില്‍ക്കുന്ന കാലത്തോളം എന്‍റെ പ്രാര്‍ത്ഥനയെ അതുകൊണ്ട് ഞാന്‍ ജീവിക്കുമാറ്,  ജീവജാലങ്ങളുടെ ഒരു ഉറവയാക്കിയാലും. അങ്ങനെ അങ്ങയുടെ ലോകങ്ങളുടെ, സകലലോകത്തിലും അങ്ങയെ സ്മരിക്കുമാറാകട്ടെ. 
*അര്‍ത്ഥനയില്‍ വീണ്ടും അവന്‍ തന്‍റെ കരങ്ങള്‍ ഉയര്‍ത്തിപറയട്ടെ:
ആരില്‍ നിന്നുള്ള വേര്‍പാടിനാല്‍ ഹൃദയങ്ങളും ആത്മാവുകളും ഉരുകാനിടയായിതീര്‍ന്നുവോ, ആരുടെ സ്നേഹജ്വാലയാല്‍ ഭുവനമാകെ അഗ്നി പിടിക്കാനിടയായി തീര്‍ന്നുവോ, അല്ലയോ, മുഴുവന്‍ സൃഷ്ടിജാലത്തേയും അങ്ങ് കീഴ്ടക്കിയിട്ടുള്ളത് ഏതിലൂടെയാണോ അവിടുത്തെ നാമത്താല്‍ ഞാന്‍ അങ്ങയോട് സവിനയം അര്‍ത്ഥിക്കുന്നു. സകല മനുഷ്യര്‍ക്കും മേല്‍ ഭരണാധികാരിയായവനേ, അങ്ങയോടൊപ്പമുള്ള ഒന്നില്‍ നിന്നും എന്നെ പിന്തിരിപ്പിക്കരുതേ! അല്ലയോ എന്‍റെ പ്രഭുവേ! അവിടുത്തെ മഹത്വവിതാനത്തിനു താഴെയും അവിടുത്തെ ദയാസീമകളിലുമുള്ള തന്‍റെ അത്യുല്‍കൃഷ്ടഭവനത്തിലേക്ക് ഈ അപരിചിതന്‍ ബന്ധപ്പെട്ടു പോകുന്നതും ഈ അപരാധി അവിടുത്തെ ക്ഷമാസാഗരത്തേയും, ഈ എളിയവന്‍ അവിടുത്തെ കീര്‍ത്തിയുടെ സദസ്സിനേയും, ഈ പാവപ്പെട്ട സൃഷ്ടി അവിടുത്തെ ധനത്തിന്‍റെ ഉറവിടത്തേയും തേടുന്നതും അവിടുന്നു കാണുന്നുണ്ട്. ഇച്ഛിക്കുന്നതെന്തും കല്പിക്കുന്നതിനുള്ള അധികാരം അങ്ങയുടേതാണ്. അവിടുത്തെ പ്രവൃത്തികള്‍ക്ക് അങ്ങു പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും, അവിടുത്തെ കല്പനകള്‍ അനുസരിക്കപ്പെടേണ്ടതാണെന്നും, അവിടുത്തെ ആജ്ഞകളില്‍ ബലപ്രയോഗമില്ലെന്നുള്ളതും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു.
*പിന്നീട് അവന്‍ തന്‍റെ കരങ്ങള്‍ ഉയര്‍ത്തി മൂന്നുപ്രാവശ്യം മഹിതമനാമം (അല്ലാഹു അബ്ബ) ആവര്‍ത്തിക്കട്ടെ. എന്നിട്ടവന്‍ അനുഗ്രഹീതനും, വാഴ്ത്തപ്പെട്ടവനുമായ ദൈവത്തിനു മുമ്പില്‍ കുനിഞ്ഞുകൈകള്‍ മുട്ടുകളില്‍ ചേര്‍ത്ത് വെച്ച് പറയട്ടെ:
അല്ലയോ എന്‍റെ ദൈവമേ, എന്‍റെ കരചരണങ്ങളിലും അംഗങ്ങളിലും എങ്ങനെയാണ് എന്‍റെ ചൈതന്യം, അങ്ങയെ ആരാധിക്കുന്നതിനുള്ള അതിന്‍റെ അതിയായ ആശയിലും, അങ്ങയെ സ്മരിക്കുന്നതിനും അങ്ങയെ പ്രകീര്‍ത്തിക്കുന്നതിനുമുള്ള അതിന്‍റെ ഉല്‍ക്കടമായ വാഞ്ചയിലും, പ്രചോദിക്കപ്പെട്ടിട്ടുള്ളണ്‍തെന്നും അങ്ങയുടെ ഭാഷണ സാമ്രാജ്യത്തിലും അങ്ങയുടെ ജ്ഞാന സ്വര്‍ഗ്ഗത്തിലും അങ്ങയുടെ കല്‍പനയുടെ നാവ് പ്രമാണമായിട്ടുണ്ടെന്നുള്ളതിന് എങ്ങനെയാണ് അതു സാക്ഷ്യം വഹിച്ചിട്ടുള്ളതെന്നും അവിടുന്നു കാണുന്നുണ്ട്. അല്ലയോ എന്‍റെ ദൈവമേ, ഈ അവസ്ഥയില്‍ അങ്ങയിലുള്ള സകലതിനും വേണ്ടി അങ്ങയോടര്‍ത്ഥിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. അങ്ങനെ എന്‍റെ അകിഞ്ചനത ഞാന്‍ പ്രകടിപ്പിച്ചേക്കാം; അങ്ങയുടെ ഔദാര്യത്തേയും അങ്ങയുടെ സമ്പത്തിനേയും സ്തുതിച്ചേക്കാം; അങ്ങയുടെ അധികാരത്തേയും അങ്ങയുടെ ശക്തിയേയും ഞാന്‍ സ്പഷ്ടമാക്കിയേക്കാം.
*പിന്നീട് അവന്‍ എഴുന്നേറ്റു നിന്ന് വിനീതാഭ്യര്‍ത്ഥനയില്‍ തന്‍റെ കരങ്ങള്‍ രണ്ടു പ്രാവശ്യം ഉയര്‍ത്തട്ടെ. എന്നിട്ടു പറയട്ടെ:
സര്‍വ്വശക്തനും സര്‍വ്വൗദാര്യനിധിയുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല. ആദിയിലും അന്ത്യത്തിലും കല്പിതനായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല. ദൈവമേ, എന്‍റെ ദൈവമേ, അങ്ങയുടെ മാപ്പ് എന്നെ ധൈര്യപ്പെടുത്തുന്നു; അങ്ങയുടെ ദയ എന്നെ ശക്തിപ്പെടുത്തുന്നു. അങ്ങയുടെ ആഹ്വാനം എന്നെ ഉയര്‍ത്തുന്നു. അങ്ങയുടെ കാരുണ്യം എന്നെ ഉയര്‍ത്തി എന്നെ അങ്ങയിലേക്കു നയിക്കുന്നു. അതല്ലെങ്കില്‍ അങ്ങയുടെ സവിധത്തിലേക്കുള്ള നഗരകവാടത്തില്‍ ധൈര്യമായി ഞാന്‍ നില്‍ക്കുകയും, അല്ലെങ്കില്‍ അങ്ങയുടെ ഇച്ഛാസ്വര്‍ഗ്ഗത്തില്‍ നിന്നു തിളങ്ങുന്ന ജ്യോതിസ്സുകളുടെ നേര്‍ക്ക് എന്‍റെ മുഖം തിരിക്കുകയും ചെയ്യത്തക്കവണ്ണം ഞാനാരാണ്? അല്ലയോ എന്‍റെ പ്രഭുവേ, ഈ കഷ്ടപ്പെടുന്ന സൃഷ്ടി അങ്ങയുടെ കാരുണ്യകവാടത്തില്‍ മുട്ടുന്നതും ഈ ക്ഷണികമായ ആത്മാവ് അങ്ങയുടെ ഔദാര്യകരങ്ങളില്‍ നിന്ന് അനശ്വര ജീവിത നദിയെ തേടുന്നതും അവിടുന്നു കാണുന്നു. സര്‍വ്വനാമങ്ങള്‍ക്കും പ്രഭുവായവനേ, എക്കാലവും അങ്ങയുടേതാണ് ആജ്ഞ. അല്ലയോ സ്വര്‍ഗ്ഗങ്ങളുടെ സൃഷ്ടാവേ! അങ്ങയുടെ ഇച്ഛയോടുള്ള സമര്‍ണ്‍പ്പണവും ബോധപൂര്‍വ്വമുള്ള കീഴ്വഴങ്ങലുമാണ് എന്‍റേത്.
പിന്നീട്, അവന്‍ തന്‍റെ കരങ്ങള്‍ മൂന്നു പ്രാവശ്യം ഉയര്‍ത്തി പറയട്ടെ! 
എല്ലാ മഹത്തരമായതിനേക്കാളും മഹാനാണ് ദൈവം!
*പിന്നീട് അവന്‍ മുട്ടുകുത്തിനിന്ന് നെറ്റി തറയില്‍ പതിച്ച് പറയട്ടെ:
അങ്ങയുടെ സാമ്രാജ്യത്തിലെത്തിയവരുടെ സ്തുതികള്‍ക്ക് അങ്ങയുടെ സാമിപ്യ സ്വര്‍ഗ്ഗത്തിലേക്ക്  ആരോഹണം ചെയ്യുവാനോ, അങ്ങേയ്ക്കായി സ്വയം ഉഴിഞ്ഞു വെച്ചവരുടെ ഹൃദയവിഹഗങ്ങള്‍ക്ക്  അങ്ങയുടെ കവാടത്തിന്‍റെ വാതില്‍ക്കലേക്ക് എത്തിപ്പെടാനോ കഴിയാത്തവിധം അത്യുന്നതനാണങ്ങ്. അങ്ങ് സര്‍വ്വസവിശേഷതകളേക്കാളും പവിത്രീകൃതനാണെന്നും സര്‍വ്വനാമങ്ങളേക്കാളും പാവനനാണെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അത്യുന്നതനും അഖില പ്രകീര്‍ത്തിതനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
*പിന്നീട് അവന്‍ സ്വയം ഇരുന്നിട്ടു പറയട്ടെ: 
അത്യുന്നതന്‍റെ തൂലികയില്‍ ആരുടെ നാമമാണോ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്, ഉന്നതങ്ങളിലേയും താഴെ ഭൂമിയിലേയും സിംഹാസനത്തിന്‍റെ പ്രഭുവായ ദൈവത്തിന്‍റെ ഗ്രന്ഥങ്ങളില്‍ ആരാണോ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് അത് അവനാണെന്നു എനിക്കു സ്വയം സാക്ഷ്യപ്പെട്ടിരിക്കുന്നു.
*അവന്‍ പിന്നീട് നിവര്‍ന്നു നിന്നിട്ടു പറയട്ടെ:
അല്ലയോ സകലജീവികള്‍ക്കും പ്രഭുവേ, ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും കൈവശമുള്ളവനേ! എന്‍റെ മിഴിനീരും ഞാന്‍ പുറപ്പെടുവിക്കുന്ന നെടുവീര്‍പ്പും അങ്ങു കണ്ടാലും. എന്‍റെ ആര്‍ത്തനാദവും എന്‍റെ മുറവിളിയും, എന്‍റെ ഹൃദയ വിലാപവും ശ്രവിച്ചാലും. അവിടുത്തെ ശക്തിയാണെ! എന്‍റെ അപരാധങ്ങള്‍ അങ്ങയുടെ സാമിപ്യത്തിലേക്ക് അടുക്കുന്നതില്‍ നിന്നും എന്നെ പിന്നോട്ടു മാറ്റുന്നു; എന്‍റെ പാപങ്ങള്‍ അങ്ങയുടെ വിശുദ്ധിയുടെ സദസ്സില്‍ നിന്ന് എന്നെ അകറ്റി നിര്‍ത്തുന്നു. അല്ലയോ എന്‍റെ പ്രഭുവേ, അങ്ങയുടെ സ്നേഹം എന്നെ സമ്പന്നനാക്കി, അങ്ങയില്‍ നിന്നുള്ള അകല്‍ച്ച എന്നെ നശിപ്പിച്ചു.
ഈ വിജനതയില്‍ പതിഞ്ഞ അങ്ങയുടെ കാലടികളാലും ഈ ബ്രഹ്മാണ്ഡത്തില്‍ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉച്ചരിച്ച "ഞാന്‍ ഇതാ ഇവിടെ, ഞാന്‍ ഇതാ ഇവിടെ" എന്ന വാക്കുകളിലൂടേയും, അവിടുത്തെ അവതാരത്തിന്‍റെ ഉദയത്തിലുള്ള മന്ദ മാരുതനിലൂടെയും, അങ്ങയുടെ സൗന്ദര്യം ദര്‍ശിക്കുമാറാകാനും, അവിടുത്തെ ഗ്രന്ഥത്തിലെ എന്തും ആചരിക്കുവാന്‍ കല്പിക്കണമെന്ന് ഞാന്‍ അങ്ങയോടു അര്‍ത്ഥിക്കുന്നു.
*അതിനുശേഷം അവന്‍ മഹിതമനാമം മൂന്നുപ്രാവശ്യം ആവര്‍ത്തിക്കട്ടെ. കുനിഞ്ഞ് കൈകള്‍ മുട്ടുകളില്‍ വെച്ച് ഇങ്ങനെ പറയട്ടെ:
അല്ലയോ എന്‍റെ ദൈവമേ, അങ്ങയെ സ്മരിക്കാനും അങ്ങയെ വാഴ്ത്താനും അങ്ങ് എന്നെ സഹായിച്ചതിനും അങ്ങയുടെ അടയാളങ്ങളുടെ പുലര്‍ക്കാലം ആയവനെ എനിക്ക് അറിയുമാറാക്കിയതിനും അങ്ങയുടെ പ്രഭുത്വത്തിനുമുമ്പില്‍ ശിരസ്സുനമിക്കാനും അങ്ങയുടെ ദൈവികത്വത്തിനു മുമ്പില്‍ സ്വയം വിനയാന്വിതനാകുന്നതിനും അങ്ങയുടെ ഗാംഭീര്യത്തിന്‍റെ നാവിനാല്‍ ഉച്ചരിക്കപ്പെട്ടിട്ടുള്ളതിനെ സ്വീകരിക്കാനും എനിക്ക് ഇടയാക്കിയതിന് അങ്ങയ്ക്കു സ്തുതി.
പിന്നീട് അവന്‍ എഴുന്നേറ്റു നിന്ന് ഇങ്ങനെ പറയട്ടെ!
ദൈവമേ, എന്‍റെ ദൈവമേ! എന്‍റെ പാപങ്ങളുടെ ഭാരത്താല്‍ എന്‍റെ പുരോഭാഗം വളയുന്നു. എന്‍റെ ശ്രദ്ധയില്ലായ്മ എന്നെ നശിപ്പിച്ചു. എന്‍റെ ദുഷ്പ്രവൃത്തികളെപ്പറ്റിയും അങ്ങയുടെ ഔദാര്യങ്ങളെപ്പറ്റിയും ഞാന്‍ ആലോചിക്കുമ്പോഴൊക്കെ എന്‍റെ ഹൃദയം ഉള്ളില്‍ ഉരുകുകയും, എന്‍റെ രക്തം ധമനികള്‍ക്കുള്ളില്‍ തിളക്കുകയും ചെയ്യുന്നു. അങ്ങയുടെ സൗന്ദര്യത്താണെ, അല്ലയോ ലോകത്തിന്‍റെ അഭിലാഷമായവനേ! എന്‍റെ വദനം അങ്ങയുടെ നേരെ ഉയര്‍ത്തുന്നതിന് ഞാന്‍ ലജ്ജിക്കുന്നു. എന്‍റെ തീവ്രാഭിലാഷത്തിന്‍റെ കരങ്ങള്‍ അങ്ങയുടെ ഔദാര്യദ്യോവിനു നേരെ നീട്ടുന്നതിനായി ഞാന്‍ ലജ്ജിക്കുന്നു. അല്ലയോ ഉന്നതങ്ങളിലേയും താഴെ ഭൂമിയിലേയും സിംഹാസനത്തിന്‍റെ പ്രഭുവായവനേ! എന്‍റെ ദൈവമേ, അങ്ങയെ സ്മരിക്കുകയും അങ്ങയുടെ ഗുണങ്ങളെ അതിയായി സ്തുതിക്കുകയും ചെയ്യുന്നതില്‍ നിന്നും എന്‍റെ മിഴിനീരുകള്‍ എന്നെ തടയുന്നു. അല്ലയോ ദൃശ്യവും അദൃശ്യവുമായതിന്‍റെ രാജാവേ! അങ്ങയുടെ സാമ്രാജ്യത്തിന്‍റെ ചിഹ്നങ്ങളാലും അങ്ങയുടെ പരമാധികാരത്തിന്‍റെ നിഗൂഢതകളാലും അങ്ങയോട് ഞാന്‍ സവിനയം അര്‍ത്ഥിക്കുന്നു. അങ്ങയുടെ പ്രിയങ്കരരെ അങ്ങയുടെ ഔദാര്യത്തിലേക്കു നയിക്കേണമേ. അല്ലയോ സമസ്ത ജീവികള്‍ക്കും പ്രഭുവായവനേ, അങ്ങയുടെ കാരുണ്യത്തിന് അവരെ അര്‍ഹരാക്കേണമേ!
*പിന്നീട് അവന്‍ മഹിതമനാമം മൂന്നുപ്രാവശ്യം ആവര്‍ത്തിക്കട്ടെ. മുട്ടുകുത്തി നെറ്റി തറയില്‍ മുട്ടിച്ച് ഇങ്ങനെ പറയട്ടെ:
അല്ലയോ ഞങ്ങളുടെ ദൈവമേ, അങ്ങയുടെ സവിധത്തിലേക്ക് ഞങ്ങളെ അടുപ്പിക്കുന്നവയെ അങ്ങ് ഞങ്ങള്‍ക്ക് താഴേക്ക് അയച്ചുതന്നതിനും, അങ്ങയുടെ ഗ്രന്ഥങ്ങളിലും അങ്ങയുടെ തിരുവെഴുത്തുകളിലുമായി എല്ലാ നല്ല കാര്യങ്ങളും അങ്ങയാല്‍ അയച്ചുതന്ന് ഞങ്ങളെ തൃപ്തരാക്കിയതിനും അങ്ങയ്ക്കുസ്തുതി. അല്ലയോ എന്‍റെ ദൈവമേ, ഞങ്ങള്‍ അങ്ങയോടു യാചിക്കുന്നു, വൃഥാ ഭ്രമങ്ങളില്‍ നിന്നും വിഫലഭാവനകളില്‍ നിന്നും ഞങ്ങളെ സംരക്ഷിച്ചാലും. സത്യത്തില്‍ ശക്തനും സര്‍വ്വജ്ഞാനിയുമാണങ്ങ്.
*പിന്നീട് അവന്‍ തന്‍റെ തല ഉയര്‍ത്തി സ്വയം ഇരുന്ന് ഇങ്ങനെ പറയട്ടെ:
അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിനെ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. അത്യുന്നത സ്വര്‍ഗ്ഗത്തിലെ അന്തേവാസികളും, അങ്ങയുടെ പ്രഭാവമേറിയ സിംഹാസനത്തിനുചുറ്റും പരിക്രമണം ചെയ്യുന്നവരും അംഗീകരിച്ചതിനെ ഞാന്‍ അംഗീകരിക്കുന്നു. അല്ലയോ ജഗത്തുക്കള്‍ക്കു നാഥനേ; ഭൂസ്വര്‍ഗ്ഗങ്ങളുടെ സാമ്രാജ്യങ്ങള്‍ അങ്ങയുടേതാണ്.

-Bahá'u'lláh
-----------------------

